വരാനിരിക്കുന്ന അധ്യായന വർഷത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബോർഡ് പുതിയ 'സ്കീം ഓഫ് സ്റ്റഡീസ്' അവതരിപ്പിച്ചിരിക്കുകയാണ്. ഇനിമുതൽ കേവലം തിയറി പഠനം മാത്രമല്ല, വൊക്കേഷണൽ വിദ്യാഭ്യാസവും നിർബന്ധമാണ്.
എന്താണ് പുതിയ മാറ്റങ്ങൾ?
പ്രധാനമായും ഒമ്പത് വിഷയങ്ങളാണ് പഠിക്കേണ്ടത്. അതിൽ ഏറ്റവും വലിയ പ്രത്യേകത വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ കടന്നുവരവാണ്. 'കൗശൽ വികാസ്' എന്ന വിഷയമോ, അതല്ലെങ്കിൽ അനുവദിച്ചിട്ടുള്ള 22 സ്കിൽ സബ്ജക്റ്റുകളിൽ ഒന്നെങ്കിൽ തിരഞ്ഞെടുക്കണം. വിവരസാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങി ഒട്ടേറെ പ്രായോഗിക വിഷയങ്ങൾ ഇതിലുണ്ട്.
പാസ്സ് മാർക്കിലെ ഇളവുകളും നിബന്ധനകളും
വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്ന മറ്റൊരു മാറ്റം പാസ്സ് മാർക്ക് കണക്കാക്കുന്ന രീതിയിലാണ്. അഞ്ച് പ്രധാന വിഷയങ്ങളിലും ആകെ 33 ശതമാനം മാർക്ക് നേടിയാൽ മതിയാകും. അതായത്, ബോർഡ് പരീക്ഷയിലെയും ഇന്റേണൽ അസസ്മെന്റിലെയും മാർക്കുകൾ ഒരുമിച്ച് കൂട്ടിയാണ് ഇത് കണക്കാക്കുന്നത്.
കൂടാതെ, സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാലും, തങ്ങൾ തിരഞ്ഞെടുത്ത സ്കിൽ സബ്ജക്റ്റിൽ വിജയിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം വെച്ച് തോറ്റ വിഷയം നികത്താനും സാധിക്കും.
പുതിയ ഈ മാറ്റങ്ങൾ പഠനത്തെ കൂടുതൽ പ്രായോഗികവും തൊഴിലധിഷ്ഠിതവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പുതിയ മാനദണ്ഡങ്ങൾ കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.
